ദോഹ: 2025 ഫിഡെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ റഷ്യയുടെ വ്ളാഡിസ്ലാവ് ആര്ട്ടെമീവ് 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്സന്, ക്ലാസിക്കല്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷ്, ഫ്രാന്‍സിന്റെ മാക്സിം വാച്ചിയര്‍ ലാഗ്രേവ് തുടങ്ങിയവര്‍ അഞ്ച് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയുടെ അര്ജുന് എറിഗയ്സി, മലയാളി താരം നിഹാല്‍ സരിന് എന്നിവര്‍ 4.5 പോയിന്റുമായി പട്ടികയില്‍ യഥാക്രമം 10, 13 സ്ഥാനങ്ങളിലാണ്. മറ്റൊരു ഇന്ത്യന്‍ താരമായ ആര്. പ്രഗ്നാനന്ദ നാല് പോയിന്റുമായി 56-ാം സ്ഥാനത്താണുള്ളത്.
റാപ്പിഡ് വനിതാ വിഭാഗത്തില്‍ 2025 ലോകകപ്പ് ജേതാവായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, ഫൈനലിസ്റ്റായ കൊനേരു ഹംപി എന്നിവര്‍ അഞ്ച് പോയിന്റുമായി മുന്നിരക്കാര്ക്കൊപ്പമുണ്ട്.
ഇന്ത്യയുടെ ഹരിക ദ്രോണവല്ലി 4.5 പോയിന്റുമായി 10-ാം സ്ഥാനത്തും ആര്. വൈശാലി നാല് പോയിന്റുമായി 18-ാമതുമാണ്. റാപ്പിഡ് വനിതാ വിഭാഗത്തില്‍ 11 റൗണ്ടുകളും ഓപ്പണ്‍ വിഭാഗത്തില്‍ 13 റൗണ്ടുകളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ കൊനേരു ഹംപിയാണ് നിലവിലെ ചാമ്പ്യന്‍.